ചെസ്സിൽ അബുദാബി ഷെയ്ഖിന്റെ ‘ബുദ്ധി’യായിരുന്ന പാലൂരിലെ യൂനുസ്അലി ഇപ്പോൾ മീന്‍കച്ചവടത്തിലാണ്.
പുലാമന്തോള്‍: ആളുകള്‍ക്ക് ഇഷ്ടമുള്ള മീനേതെന്ന് തിരിച്ചറിഞ്ഞ് വില്‍പ്പന നടത്തുമ്പോഴുള്ള കണക്കുകൂട്ടല്‍ അലിക്ക് പിഴയ്ക്കാറില്ല. വിവിധയിനങ്ങള്‍ കൈകളുടെയും കണ്ണുകളുടെയും ദ്രുതഗതിയിലുള്ള ചലനങ്ങളില്‍ കുറവുകളില്ലാതെ മീനുകൾ ആവശ്യക്കാരിലേക്കെത്തും. ഒരുകാലത്ത് വിവിധ രാജ്യങ്ങളിലെ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്റര്‍മാരുടെ നീക്കങ്ങളുടെ മുനയൊടിച്ച കൈകളാണ് ഇന്ന് കൊട്ടവണ്ടിയിൽ മീന്‍ കോരിയെടുത്ത് പാത്രത്തിലേക്കിടുന്നതെന്ന് അറിയുന്നവര്‍ വളരെ ചുരുക്കം. പാലൂര്‍ കുത്തുകല്ലന്‍ യൂനുസ് അലിയുടെ(52) ജീവിതചിത്രം ചെസ്സിലെ അപ്രതീക്ഷിത കരുനീക്കങ്ങള്‍ പോലെ വിസ്മയാവഹമാണ്. എട്ടാംക്ലാസില്‍ പഠനംനിര്‍ത്തി പിന്നീട് തുല്യതാ പരീക്ഷയിലൂടെ പത്താം ക്ലാസ് കടന്നയാളാണ് അലി . ചെസ്സിന് വേരോട്ടമില്ലാത്ത പുലാമന്തോൾ പഞ്ചായത്തിലെ പാലൂർ എന്ന കുഗ്രാമത്തിലെ ഈ സാധാരണക്കാരന്‍ തന്റെ കൗമാരം മുതല്‍ ചെസ് കളിഭ്രാന്തുമായി നടന്നു. താത്പര്യം തിരിച്ചറിഞ്ഞ ചില നല്ല മനുഷ്യര്‍ കളിതന്ത്രങ്ങളടങ്ങിയ പുസ്തകങ്ങള്‍ റഷ്യയില്‍നിന്നുവരെ വരുത്തിച്ചു നല്‍കി. ജീവിതോപാധിയായി മീന്‍കച്ചവടം തുടങ്ങിയ അലി സംസ്ഥാനതലംവരെയുള്ള മത്സരങ്ങളില്‍ സാന്നിധ്യമായി. ചെസ്സിനെക്കുറിച്ച് കൂടുതല്‍ പഠിച്ചു, പുതിയതന്ത്രങ്ങള്‍ സ്വായത്തമാക്കി, നിഗൂഢമായ നീക്കങ്ങള്‍ നി വികസിപ്പിച്ചെടുത്തു.
യൂനുസ് അലിയുടെ അസാധാരണ മികവ് ബോധ്യപ്പെട്ട ഒരാള്‍ അലിയെ 2007-ല്‍ അബുദാബിയിലെ മന്ത്രിയും ചെസ്സ് പ്രേമിയുമായ ഷെയ്ഖ് മുഹമ്മദിന്റെ കൊട്ടാരത്തിലെത്തിച്ചു. ഷെയ്ഖിനു വേണ്ടി കളിയില്‍ പുതിയ നീക്കങ്ങള്‍, തന്ത്രങ്ങള്‍ തുടങ്ങിയ രൂപപ്പെടുത്തലായിരുന്നു പ്രധാന ജോലി. അവിടെ അതിഥികളായെത്തിയ ലോകപ്രശസ്തരായ റഷ്യന്‍ ഇതിഹാസങ്ങള്‍ കര്‍പോവുമായും കാസ്പറോവുമായും കൂടിക്കാഴ്ച നടത്തി. ഹംഗറിയുടെ ലെക്കോവുമായി കളിചര്‍ച്ചയും തന്ത്രങ്ങളും പങ്കുവക്കാന്‍ കഴിഞ്ഞതും മറക്കാനാകാത്ത അനുഭവമാണ് അലിക്കിന്ന് . അബുദാബി ചെസ്സ് ക്ലബ്ബില്‍ വിവിധ രാജ്യങ്ങളിലെ ഗ്രാന്‍ഡ് മാസ്റ്റര്‍മാരുമായി മാറ്റുരയ്ക്കാനുള്ള അവസരവും തേടിയെത്തി. ഷെയ്ഖിന്റെ നല്ല മനസ്സും ചെസ്സും അലിക്ക് നാട്ടില്‍ സ്വന്തമായി സ്ഥലവും വീടും ഒരുക്കി. 2012-ല്‍ നാട്ടിലേക്ക് തിരിച്ച അലിക്ക് മറ്റു സാഹചര്യങ്ങളില്‍ ഇവിടെത്തന്നെ തങ്ങേണ്ടിവന്നു. നാട്ടിലെത്തി ജീവിതോപാധിയായി വീണ്ടും മീന്‍ വില്‍പ്പനയിലേക്ക് തിരിഞ്ഞെങ്കിലും തിരക്കൊഴിവായാലുടന്‍ പ്രമുഖരുമായുള്ള ഓണ്‍ലൈന്‍ മത്സരത്തിന് പുതുതന്ത്രങ്ങളുമായി അലി ഇന്നുമിറങ്ങും .അലിക്ക് മാത്രമവകാശപ്പെട്ട ബുദ്ധിശക്തിയുടെ മാന്ത്രികതയില്‍. ഭാര്യ റസീനയും , മക്കള്‍ ഷമീര്‍ അലി, ഷബീര്‍, ഷജീര്‍ എന്നിവരും അലിയോടൊപ്പം പിന്തുണയുമായുണ്ട്.
ചിത്രം : പുലാമന്തോളിൽ മീൻ കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്ന യൂനുസ് അലി
https://chat.whatsapp.com/GqYuCBpkJ0H0vBjOnLdH2E