52 ആം പിറന്നാൾ : മലപ്പുറത്ത് മൾട്ടി ഫങ്ക്ഷൻ ലൈബ്രറി നിർമ്മിക്കാൻ ജില്ലാ പഞ്ചായത്ത്
മലപ്പുറം: ജില്ലാ രൂപീകരണത്തിന്റെ 52 ആം വാർഷികമാഘോഷിക്കുന്ന മലപ്പുറത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ചരിത്ര പൈതൃകത്തിന് വൻ മുതൽക്കൂട്ടാവുന്ന ഇന്റർ നാഷണൽ മൾട്ടി ഫങ്ക്ഷൻ ലൈബ്രറി നിർമ്മിക്കുന്ന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്.
ജില്ലയിലെ വിദ്യാർഥികൾക്കും ഗവേഷകർക്കും തൊഴിലന്വേഷകർക്കും, നവ എഴുത്തുകാർക്കും ചരിത്ര കുതുകികൾക്കും ഒരു പോലെ ഉപയോഗപ്രദമാവുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള മൾട്ടി ഫങ്ക്ഷൻ ലൈബ്രറിയാണ് മലപ്പുറം സിവിൽ സ്റ്റേഷൻ വളപ്പിൽ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കുന്നത്. ഇതിലൂടെ ലോക ചരിത്രവും സാഹിത്യവും വിശിഷ്യാ മലപ്പുറത്തിന്റെയും ഇന്ത്യയുടെയും സ്വാതന്ത്ര്യ സമരത്തിന്റെ അറിയപ്പെട്ടതും അല്ലാത്തതുമായ മുഴുവൻ ചരിത്ര വസ്തുതകളും അനാവരണം ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കും.
വായനയും രചനകളും പ്രോത്സാഹിപ്പിക്കുന്നതിനും നവ എഴുത്തുകാരെ മുൻ നിരയിലേക്ക് കൊണ്ടു വരുന്നതിനുമുള്ള പ്രത്യേക ചെയറും ഇതോടാനുബന്ധിച്ച വിഭാവനം ചെയ്യുന്നുണ്ട്.
ലോകത്തിലെ മുൻ നിര യൂണിവേഴ്സിറ്റികളുടെ ലൈബ്രറികളുമായി ഡിജിറ്റൽ കണക്ടിവിറ്റിയും വിജ്ഞാന വ്യാപന സംവിധാനവും ലൈബ്രറിയുടെ പ്രത്യേകതകളായിരിക്കും.
ഇതിനായി മലപ്പുറം സിവിൽ സ്റ്റേഷൻ വളപ്പിൽ ജില്ലാ പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന 15 സെന്റ് ഭൂമിയിൽ കെട്ടിട നിർമ്മാണത്തിന് അനുമതി ആവശ്യപ്പെട്ടു കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ ജില്ലാ കളക്ടർക്ക് ഔദ്യോഗികമായി കത്ത് നൽകി. വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, സ്റ്റാ ന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സറീന ഹസീബ്, ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി എന്നിവരും സന്നിഹിതരായിരുന്നു. സ്ഥലം വിട്ടു തരുന്നതിന് അനുകൂല നടപടികൾ സ്വീകരിക്കാമെന്ന് കളക്ടർ ഉറപ്പ് നൽകിയതായി പ്രസിഡന്റ് അറിയിച്ചു.