2020 വിത്തുകൾകൊണ്ട് കലാമിന് അഞ്ജലി…
മധുര: ഭാരതത്തെ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമിന് വേറിട്ടൊരു ആദരാഞ്ജലി. മധുര ജില്ലയിലെ ഷെനായി നഗറിൽ അശോക്‌കുമാറാണ് ഇന്ത്യയുടെ മിസൈൽമാന് വിത്തുകൾകൊണ്ട് അദ്ദേഹത്തിന്റെ ആറാം ചരമവാർഷികദിനത്തിൽ അഞ്ജലിയർപ്പിച്ചത്.
പുളിങ്കുരു, സീതാപഴവിത്ത്, വേങ്കൈ വിത്ത് തുടങ്ങിയ മരങ്ങളുടെ 2,020 വിത്ത് ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ ചിത്രം നിർമിച്ചത്. 2020 ഇന്ത്യൻ യുവജനതയുടെ ലക്ഷ്യവർഷമായി കലാം എപ്പോഴും പറയാറുണ്ട്. മരങ്ങൾ വളർത്തുന്നതിലും മറ്റും ധാരാളം പേരെ പ്രോത്സാഹിപ്പിക്കാറുണ്ട് അബ്ദുൽകലാം. അതുകൊണ്ടാണ് അദ്ദേഹത്തിന് ഓർമയ്ക്കായി വിത്തുകൾതന്നെ തിരഞ്ഞെടുത്തതെന്ന് അശോകൻ പറയുന്നു.
കലാമിനെ അനുസ്മരിച്ച് വിത്തുകൾ പാകിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മധുര നഗരത്തിൽ കന്നാസുകളിൽ കുടിവെള്ളം വീടുകൾതോറും വിതരണംചെയ്യുന്ന ജോലിയാണ് അശോക്‌കുമാറിന്.
ജില്ലാ ഭരണകൂടത്തിന്റെ സന്നദ്ധസേവകനുമാണ് അശോക്. അബ്ദുൽകലാമിന്റെ സ്വപ്നമായ ‘വിഷൻ-2020’ യുവജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.