ലോക്ക്ഡൗണ്‍ നീട്ടണോ വേണ്ടയോ; പ്രധാനമന്ത്രിയും അമിത്ഷായും കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: ലോക്ക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നാലാം ഘട്ട ലോക്ഡൗൺ അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുമായി അമിത് ഷാ വ്യാഴാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടത്. ഈ മാസം 31 വരെയാണ് നിലവിൽ പ്രഖ്യാപിച്ച നാലാംഘട്ട ലോക്ക്ഡൗൺ.കൊറോണ വൈറസ് കേസുകൾ രാജ്യത്ത് ക്രമാതീതമായി ഉയർന്നുക്കൊണ്ടിരിക്കെ സാമ്പത്തിക പ്രവർത്തനങ്ങൾ എങ്ങനെ പുനരാരംഭിക്കാം, ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച തന്ത്രങ്ങൾ തുടങ്ങിയ കാര്യങ്ങൾ മോദിയും ഷായും ചർച്ച ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ലോക്ക്ഡൗൺ നീട്ടണോ എന്നത് സംബന്ധിച്ച് അമിത് ഷാ മുഖ്യമന്ത്രിമാരിൽ നിന്ന്പ്രതികരണം തേടിയിരുന്നു. കണ്ടെയിൻമെന്റ് സോണുകളിൽ മാത്രം നിയന്ത്രണം മതിയെന്ന് ചില സംസ്ഥാനങ്ങൾ അഭിപ്രായപ്പെട്ടപ്പോൾ ഇളവുകളോടെ രണ്ടാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടണമെന്ന് ഗോവയടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു.
അതേസമയം, ദിനംപ്രതി കേസുകൾ വർധിച്ചുവരുന്നത് ലോക്ക്ഡൗൺ തന്ത്രങ്ങളിലെ പാളിച്ചയാണെന്ന വിമർശനവും സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അടുത്ത ഘട്ട ലോക്ക്ഡൗൺ ഒരു രാഷ്ട്രീയ നീക്കംകൂടിയായി മാറുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്.