KeralaNews

വിവാഹത്തിന് 50 പേർ, മരണാനന്തര ചടങ്ങിൽ 20, കടകളിൽ 5: ഇളവുകൾ ഇങ്ങനെ…

ന്യൂഡൽഹി∙ ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടാൻ തീരുമാനിച്ച സാഹചര്യത്തിൽ വിവാഹ ചടങ്ങുകൾക്ക് 50 പേർ വരെ പങ്കെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മരണാനന്തര ചടങ്ങുകൾക്ക് 20 പേര്‍ക്കും ഒരു സമയം പങ്കെടുക്കാം. സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാൻ അനുമതി നല്‍കും. എന്നാൽ കാഴ്ചക്കാരെ അനുവദിക്കില്ല.
ഹോം ഡെലിവറിക്കായി അടുക്കളകൾ പ്രവർത്തിപ്പിക്കാൻ റസ്റ്ററന്റുകൾക്ക് അനുമതിയുണ്ട്. മാളുകളിലെയും കണ്ടെയ്ൻമെന്റ് സോണുകളിലെയും ഒഴികെയുളള ഷോപ്പുകൾ മേയ് 18 മുതൽ തുറന്നു പ്രവർത്തിക്കും, എന്നാൽ ബന്ധപ്പെട്ട അധികൃതർ നിർദേശിച്ചിട്ടുള്ള സമയക്രമം പാലിച്ചു മാത്രം. ഒരു സമയം 5 പേരിൽ കൂടുതൽ കടകളിലുണ്ടാകരുത്. ഓരോരുത്തർക്കുമിടയിൽ ആറടി അകലമുണ്ടായിരിക്കണം.

ആരോഗ്യ പ്രവർത്തകർ, പൊലീസ്, സർക്കാർ ഉദ്യോഗസ്ഥർ, ടൂറിസ്റ്റുകൾ ഉൾപ്പെടെ രാജ്യത്ത് കുടുങ്ങിപ്പോയവർ എന്നിവർക്കു വേണ്ടി പ്രവർത്തിക്കുന്നവയും ക്വാറന്റീനു വേണ്ടി ഉപയോഗപ്പെടുത്തുന്നതുമായ ഹോട്ടലുകളും റസ്റ്ററന്റുകളും ഉൾപ്പെടെയുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങൾക്കു പ്രവർത്തിക്കാം. ബസ് ഡിപ്പോകൾ, റെയിൽവേ സ്റ്റേഷൻ, എയർപോട്ട് എന്നിവിടങ്ങളിലെ കന്റീനുകൾക്ക് പ്രവർത്തിക്കാം.
വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പരസ്പര സമ്മതത്തോടെ ഇവിടങ്ങളിലേക്കുള്ള യാത്ര അനുവദിക്കും. ഓരോ സംസ്ഥാനത്തെയും കേന്ദ്ര ഭരണ പ്രദേശത്തെയും യാത്ര എപ്രകാരം വേണമെന്ന് ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ അധികൃതർക്കു തീരുമാനിക്കാം. എന്നാൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഒരുതരത്തിലുമുള്ള യാത്ര അനുവദിക്കില്ല.

പ്രത്യേകമായി നിരോധിച്ചതല്ലാതെ മറ്റെല്ലാ സേവനങ്ങള്‍ക്കും അനുമതിയുണ്ട്. മെഡിക്കൽ പ്രവർത്തകർ, നഴ്സുമാര്‍, പാരാമെഡിക്കൽ സ്റ്റാഫ്, ശുചീകരണ തൊഴിലാളികൾ, ആംബുലൻസ് എന്നിവയുടെ സഞ്ചാരം സംസ്ഥാനങ്ങള്‍ക്ക് അകത്തും അതിർത്തിയിലും തടയരുത്. കാലിയായ ട്രക്കുകൾ ഉൾപ്പെടെ എല്ലാ ചരക്ക്–കാർഗോ വാഹനങ്ങളുടെയും സംസ്ഥാനാന്തര സഞ്ചാരം തടസ്സപ്പെടുത്തരുത്.

ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗ നിർദേശത്തിൽ പ്രത്യേകമായി പരാമർശിച്ചിട്ടുള്ള നിരോധനങ്ങളല്ലാതെ മറ്റൊന്നും നിലവിലുണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ സംസ്ഥാനങ്ങള്‍ക്കു നിരോധനം ഏർപ്പെടുത്താം. ബാർബർ ഷോപ്പുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയ്ക്ക് നിരോധനമുള്ളതായി മാര്‍ഗനിർദേശത്തില്‍ പറയുന്നില്ല. ഈ സാഹചര്യത്തിൽ ഇതിന്മേൽ സംസ്ഥാന സർക്കാരുകളാണു തീരുമാനമെടുക്കേണ്ടത്.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Newest
Oldest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x