കോഴിമുട്ടക്കരുവിന് ഇവിടെ നിറം പച്ചയാണ്.
മലപ്പുറം / ഒതുക്കുങ്ങൽ: കോഴിമുട്ടയുടെ ഉള്ളിലെ കരുവിന്റെ (ഉണ്ണി) നിറമെന്താണ്? ഇതുവരെ നമ്മൾ കണ്ടതും അറിഞ്ഞതും മഞ്ഞയാണ്. എന്നാൽ മലപ്പുറത്തെ ഒതുക്കുങ്ങൽ ഗാന്ധിനഗറിലെ അമ്പലവൻ കുളപ്പുരയ്ക്കൽ ശിഹാബിന്റെ വീട്ടിൽവളർത്തുന്ന ഏഴുകോഴികൾ ആ ധാരണ തിരുത്തുന്നു. അവയിടുന്ന മുട്ടകളിൽ കരുവിന് നിറംപച്ചയാണ്. വിവിധ ഇനത്തിലുള്ള കോഴികളെ വർഷങ്ങളായി വീട്ടിൽ വളർത്തുന്നുണ്ട്. ഇതിൽ പ്രധാനമായും നാടൻ, കരിങ്കോഴി, ഫാൻസി കോഴികൾ എന്നിവയാണ്. എല്ലാറ്റിനെയും വളർത്തുന്നത് ഒരിടത്തുതന്നെയാണ്. മാസങ്ങൾക്കുമുൻപ് ഭക്ഷണാവശ്യത്തിനായി ഉപയോഗിക്കാൻ ഒരു കോഴിമുട്ട പൊട്ടിച്ചപ്പോഴാണ് നിറംമാറ്റം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കേടാണെന്ന് കരുതി അതു കളഞ്ഞു. എന്നാൽ പിന്നീട് ഉണ്ടായ മുട്ടയുടെ കരുവിനും അതേ നിറം. ഇതോടെ എല്ലാ മുട്ടകളും വിരിയിക്കാൻ തീരുമാനിച്ചു. വിരിഞ്ഞിറങ്ങിയവ വലുതായി, മുട്ടയിട്ടതോടെ അവയിലെ കരുക്കൾക്കും പച്ചനിറം തന്നെ. വിഷയം വെറ്ററിനറി സർവകലാശാല അധികൃതരുടെ അടുത്തെത്തി. കോഴികൾക്കു നൽകുന്ന തീറ്റയിൽ പച്ചപ്പട്ടാണി(ഗ്രീൻപീസ്) കൂടുതലെങ്കിൽ ഇതിനു സാധ്യതയുണ്ടെന്നാണ് അവരുടെ അഭിപ്രായം. എന്നാൽ ശിഹാബിന്റെ വീട്ടിൽ അതൊന്നും കോഴികൾക്ക് നൽകുന്നില്ല. എന്നിട്ടും ഈ നിറംമാറ്റമെങ്ങനെ എന്നു പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് സർവകലാശാല അധികൃതർ.