വൃദ്ധയെ പരുക്കേൽപ്പിച്ച് മാല കവർന്ന പ്രതി ആലത്തൂരിൽ പിടിയിൽ
ആലത്തൂർ : മോട്ടോർ സൈക്കിളിലെത്തി വയോധികയെ പരിക്കേൽപ്പിച്ച് മാല കവർന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. എളനാട് വെള്ളടി സ്വദേശി രഞ്ജിഷ്(24)ആണ് പിടിയിലായത്.
വാനൂർ പാറക്കൽ ഹൗസിൽ രാജന്റെ ഭാര്യ കാഞ്ചന(60)യുടെ ഒരു പവന്റെ മാലയാണ് ഏപ്രിൽ 25ന് ദേശീയപാത 544ലെ വാനൂർ കള്ളുഷാപ്പിനുസമീപത്ത്നിന്ന് പൊട്ടിച്ച് കടന്നുകളഞ്ഞത്. തൃപ്പാളൂരിൽ പണിക്ക് പോയി മടങ്ങുകയായിരുന്നു കാഞ്ചന. മോട്ടോർസൈക്കിളിൽ പിന്തുടർന്ന പ്രതി ലോക്ക് ഡൗൺ സമയത്തെ റോഡിലെ തിരക്കില്ലായ്മ മുതലാക്കിയാണ് മാല കവർന്നത്. ആലത്തൂർ ഡി വൈ എസ് പിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. സമീപവാസികളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും സംഭവത്തിനുമുമ്പും ശേഷവുമുള്ള ആലത്തൂർ ടൗണിലെയും പരിസരത്തെയും സിസിടിവി ക്യാമറകൾ നിരീക്ഷിച്ചും നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
പ്രതിയെ എളനാടുള്ള വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾ പണയംവച്ച മാല പൊലീസ് കണ്ടെടുത്തു. പ്രതിയെ ചൊവ്വാഴ്‌ച ആലത്തൂർ കോടതിയിൽ ഹാജരാക്കും.
ആലത്തൂർ സി ഐ ബോബിൻ മാത്യു, എസ്ഐ എം ആർ അരുൺകുമാർ, പ്രൊബേഷൻ എസ്ഐ ജിഷിൽ, അഡീഷണൽ എസ്ഐ സാം ജോർജ്, ഡിവൈഎഎസ്‌പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ ആർ കെ കൃഷ്ണദാസ്, റഹിം മുത്തു, യു സൂരജ് ബാബു, കെ ദിലീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.