മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എ പ്ലസ് സ്വർണപ്പതക്കം നൽകി വിദ്യാർഥിനി
പെരിന്തൽമണ്ണ: കോവിഡ്19 രോഗ ബാധയെ തുടർന്നുള്ള മനുഷ്യരുടെ കഷ്ടപ്പാടുകൾ അറിഞ്ഞപ്പോൾ മുതലുള്ള ചിന്തയായിരുന്നു, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്തെങ്കിലും നൽകണമെന്നത്. ചുമട്ടു തൊഴിലാളിയായ പിതാവിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ആകെയുള്ള താങ്ങ്. ലോക്ഡൗൺ മൂലം അതും നിലച്ച സാഹചര്യത്തിൽ എന്തു കൊടുക്കും? എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയതിന് സമ്മാനമായി കിട്ടിയ ഒരുഗ്രാം സ്വർണപ്പതക്കം മനസ്സിലേക്ക് എത്തിയതപ്പോഴാണ്. മുഹ്സിറ എന്ന പ്ലസ് വൺകാരി മറ്റൊന്നും ആലോചിച്ചില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി പിതാവിനെയും കൂട്ടി പെരിന്തൽമണ്ണ നഗരസഭയിലെത്തി ചെയർമാൻ എം. മുഹമ്മദ് സലീമിന് പതക്കം കൈമാറി. വളാംകുളം തുവ്വശ്ശേരി മുസ്തഫയുടെ ഇളയമകളാണ് മുഹ്‌സിറ. താഴേക്കോട് പി.ടി.എം. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി. 2017-18 വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിലെ മികച്ച വിജയത്തിന് കരിങ്കല്ലത്താണിയിലെ ജൂവലറി ഗ്രൂപ്പാണ് പതക്കം നൽകിയത്. സി.പി.എം. വളാംകുളം ബ്രാഞ്ച് അംഗവും പെരിന്തൽമണ്ണയിലെ ചുമട്ടു തൊഴിലാളിയുമാണ് മുസ്തഫ. മാതാവ് ആസ്യയും സഹോദരങ്ങളായ മസ്ഹൂദ്, മുഹ്‌സിന എന്നിവരും മുഹ്‌സിറയുടെ തീരുമാനത്തിന് പിന്തുണയുമായെത്തി.