കടൽ മാക്രികൾ പെരുകുന്നു;മത്സ്യ ബന്ധനത്തിനു ഭീഷണി
വള്ളിക്കുന്ന്, പൊന്നാനി,താനൂർ, പരപ്പനങ്ങാടി മേഖലകളിലെല്ലാം കടൽമാക്രികളെ കാണുന്നുണ്ട്
മത്സ്യബന്ധനത്തിനു ഭീഷണിയായി കടലിൽ പഫർ ഫിഷ് എന്ന കടൽമാക്രികൾ പെരുകുന്നു. ഇവ കൂട്ടത്തോടെ വന്ന് വലയിൽ കുടുങ്ങിയ മീനുകളെ തിന്നുകയും വല കടിച്ചു മുറിക്കുകയും ചെയ്യും. വിലകൂടിയ വലകൾ ആണ് നശിപ്പിക്കുന്നത്. കാലാവസ്ഥ വ്യതിയാനവും കടലിലെ ആവാസ വ്യവസ്ഥയ്ക്കുണ്ടാകുന്ന മാറ്റങ്ങളും ആണ് കടൽമാക്രികൾ പെരുകാൻ കാരണമാകുന്നത്. കടൽമാക്രികൾ ഭക്ഷ്യയോഗ്യമല്ല. ബലൂൺ പോലെ വീർക്കുന്ന ശരീരവും മൂർച്ചയേറിയ പല്ലുകളും, ദേഹം മുഴുവൻ മുള്ളുകളും, വിഷമുള്ളതുമാണ് ഇവ. മലപ്പുറം ജില്ലയിൽ പൊന്നാനി, താനൂർ, പരപ്പനങ്ങാടി, വള്ളിക്കുന്ന് എന്നിവിടങ്ങളിൽ കടൽമാക്രികളെ കണ്ടുവരുന്നുണ്ട്.